Zygo-Ad

ഗ്യാസ് ബുക്കിങിന് പുതിയ നിയന്ത്രണം: 2 ദിവസം വൈകിയാൽ ബുക്കിങ് റദ്ദാകുന്നു; ഉപയോക്താക്കൾ ദുരിതത്തിൽ.

തിരുവനന്തപുരം: ഏജൻസികളിൽ നിന്ന് പാചകവാതക സിലിണ്ടർ വിതരണം രണ്ട് ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന പുതിയ രീതി എണ്ണക്കമ്പനികൾ ആരംഭിച്ചതോടെ ഉപയോക്താക്കൾ കടുത്ത ദുരിതത്തിൽ. വീടുകളിൽ ആളെ കണ്ടില്ലെങ്കിലോ ഏജൻസി തലത്തിൽ വിതരണം വൈകിയാലോ എണ്ണക്കമ്പനികൾ നേരിട്ടാണ് ബുക്കിങ് റദ്ദാക്കുന്നത്.

ഇതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കമ്പനികളോ വിതരണ ഏജൻസികളോ തയ്യാറാകുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ബുക്കിങ് റദ്ദാക്കപ്പെടുന്നതോടെ ഉപയോക്താവ് വീണ്ടും പുതിയ ബുക്കിങ് നടത്തേണ്ട അവസ്ഥയാണ്. എന്നാൽ നിലവിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് ദിവസങ്ങളുടെ ഇടവേള നിയന്ത്രണം നിലനിൽക്കുന്നതിനാൽ, റദ്ദാക്കപ്പെട്ടാൽ ദിവസങ്ങളോളം കാത്തിരുന്നാൽ മാത്രമേ വീണ്ടും ബുക്ക് ചെയ്യാനാകൂ.

പ്രതിദിനം മൂവായിരത്തോളം ബുക്കിങ്ങുകളാണ് സംസ്ഥാനത്ത് ഇത്തരത്തിൽ റദ്ദാക്കപ്പെടുന്നത്. ബിപിസിഎൽ (ഭാരത് പെട്രോളിയം) ഉപയോക്താക്കളെയാണ് ഈ നടപടി കൂടുതൽ ബാധിച്ചിരിക്കുന്നത്. കാലവർഷക്കെടുതിയും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം രണ്ട് ദിവസത്തിനകം വിതരണം പൂർത്തിയാക്കുക അസാധ്യമാണെന്നാണ് ഏജൻസികളുടെ വാദം. ഓണക്കാലം അടുത്തിരിക്കെ കമ്പനികളുടെ ഈ നീക്കം സംസ്ഥാനത്ത് കടുത്ത പാചകവാതക ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

വളരെ പുതിയ വളരെ പഴയ