Zygo-Ad

രാജ്യത്ത് പാചകവാതക ഉപഭോഗത്തിൽ വൻ വർധന; ഡീസൽ ഉപയോഗം കുറഞ്ഞു


ന്യൂഡൽഹി: ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ വൻ വർധനവ്. ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം 2.37 ദശലക്ഷം ടൺ എൽപിജിയാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇത് കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ വർധനയാണെന്നും പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യൻ മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെ എൽപിജി വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഗാർഹിക മേഖലയ്ക്ക് മുൻഗണന നൽകുകയും വാണിജ്യ ആവശ്യങ്ങൾക്കുള്ള വിതരണം ഭാഗികമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നാൽ, സംഘർഷ സാധ്യതകൾ കുറയുകയും ഇറക്കുമതി സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് ജൂൺ അവസാനത്തോടെ വിതരണ നിയന്ത്രണങ്ങൾ സർക്കാർ പൂർണമായും നീക്കിയത്.

എൽപിജി ഉപഭോഗത്തിൽ പ്രകടമായ വളർച്ചയുണ്ടായെങ്കിലും ശക്തമായ കാലവർഷം കാരണം മറ്റ് ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തതോടെ വ്യാവസായിക പ്രവർത്തനങ്ങളും യാത്രാവശ്യങ്ങളും കുറഞ്ഞതാണ് ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ ആവശ്യകതയെ ബാധിച്ചത്.

ജൂലൈ മാസത്തിൽ ഡീസൽ ഉപഭോഗം മുൻ മാസത്തെ അപേക്ഷിച്ച് 6.5 ശതമാനം കുറഞ്ഞ് 8.05 ദശലക്ഷം ടണ്ണിലെത്തി. വിമാന ഇന്ധന ഉപഭോഗത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ, പെട്രോൾ ഉപയോഗത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ 3.8 ദശലക്ഷം ടണ്ണായി സ്ഥിരത പുലർത്തുകയാണ് ചെയ്തത്. മഴക്കാലം അവസാനിക്കുന്നതോടെ ഗതാഗത ഇന്ധനങ്ങളുടെ ഉപഭോഗം പഴയപടി ഉയർന്ന നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



വളരെ പുതിയ വളരെ പഴയ