തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി. ഇനി മുതൽ വാണിജ്യ ബാങ്കുകൾ വഴി മാത്രമായിരിക്കും പെൻഷൻ തുക വിതരണം ചെയ്യുക. ഇതുസംബന്ധിച്ച നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടു.
നേരത്തെ, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നതിനൊപ്പം സഹകരണ ബാങ്ക് ഏജന്റുമാർ വഴി വീടുകളിലെത്തി പെൻഷൻ നൽകുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഈ സംവിധാനം അവസാനിക്കും.
എല്ലാ പെൻഷൻ ഉപഭോക്താക്കളും ഇനി മുതൽ പെൻഷൻ തുക കൈപ്പറ്റുന്നതിനായി വാണിജ്യ ബാങ്ക് അക്കൗണ്ടുകളെ ആശ്രയിക്കേണ്ടി വരും. പെൻഷൻ വിതരണം പൂർണ്ണമായും സുതാര്യവും വേഗതയുള്ളതുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
