Zygo-Ad

ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയതിൽ വിശദീകരണവുമായി സർക്കാർ




തിരുവനന്തപുരം: ക്ഷേമ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്ന രീതി മാറ്റി ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർക്കും ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർക്കും തുക ലഭിക്കുന്നത് തടയാനുമാണ് പുതിയ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാത്തതുമൂലം ലഭിക്കേണ്ട കേന്ദ്ര ധനസഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തുക ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുന്നതെന്നും ഔദ്യോഗിക പോസ്റ്റിൽ പറയുന്നു.

പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഇനി ബാങ്ക് അക്കൗണ്ടുകൾ വഴിയായിരിക്കും പെൻഷൻ നൽകുക. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ നൽകുന്ന രീതിയാണ് തുടർന്നുപോന്നിരുന്നത്. ആകെ 52 ലക്ഷത്തോളം പെൻഷൻ ഉപഭോക്താക്കളിൽ 23 ലക്ഷത്തോളം പേർu നേരിട്ടാണ് തുക കൈപ്പറ്റിയിരുന്നത്. പുതിയ തീരുമാനത്തോടെ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും ഇതിന്റെ വിതരണം.


വളരെ പുതിയ വളരെ പഴയ