തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതിക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രതിവർഷം 1500 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയാണിത്. 2026-27 അധ്യയന വർഷത്തെ അപേക്ഷാ നടപടികൾ പൂർത്തീകരിച്ച് സ്കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം.
ഉയർന്ന മാർക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പുകൾ അനുവദിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ വരുമാനം മാത്രമായിരിക്കും മാനദണ്ഡം. മുൻ വർഷത്തെ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ സ്കോർ ലഭിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. അതേസമയം, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഇതിലേക്ക് അപേക്ഷിക്കേണ്ടതില്ല.
ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന വിദ്യാലയങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താല്പര്യമുള്ള രക്ഷിതാക്കളിൽ നിന്നും സ്കൂളുകൾ അപേക്ഷ സ്വീകരിക്കും. 1, 5, 8 ക്ലാസുകളിൽ ആദ്യമായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വരുമാന സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും. വിദ്യാർത്ഥികളുടെ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് അപേക്ഷയിൽ നൽകേണ്ടത്. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, ഭിന്നശേഷി സ്കോളർഷിപ്പുകൾ, സ്നേഹപൂർവ്വം പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്കും കെടാവിളക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.
