കേരളം :വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതത്തിലായി ഒരു കുടുംബം. രണ്ട് മുറികൾ മാത്രമുള്ള വീടിന്റെ പകുതിയോളം ഭാഗവും ഇപ്പോൾ വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ട് കാരണം ദൈനംദിന ജീവിതം പൂർണമായും തടസ്സപ്പെട്ട അവസ്ഥയിലാണ് ഇവർ.
വീട്ടിനുള്ളിൽ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ പലകകൾ നിരത്തിയാണ് യാത്ര സാധ്യമാക്കുന്നത്. അടുക്കളയിലും വെള്ളം കയറിയതോടെ പാചകം ഉൾപ്പെടെയുള്ള പ്രാഥമിക കാര്യങ്ങൾ പോലും വെള്ളക്കെട്ടിന് നടുവിൽ ചെയ്യേണ്ട ദുരവസ്ഥയിലാണ് കുടുംബം. കിണറിലും വെള്ളം കയറിയതോടെ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര സഹായവും പുനരധിവാസ നടപടികളും ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
