കോഴിക്കോട്: ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവും സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ അജയ് ആയങ്കിയെ എത്തിച്ച് ചോദ്യം ചെയ്തുവരിയാണ്.
അർജുൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ നൽകിയ ക്യു ആർ കോഡ് (QR Code) അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫണ്ടിംഗ് നടത്തുകയും ശേഖരിച്ച തുകയിൽ നിന്ന് അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16,430 രൂപ അയച്ചു നൽകുകയും ചെയ്തിരുന്നു.
സംഭവത്തിൽ അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കേസ് ആവശ്യങ്ങൾക്കായി നടത്തിയ മറ്റ് പണമിടപാടുകളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
