തൃശൂർ :ഗുരുവായൂരിൽ ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ, ഭാര്യ അംബിക എന്നിവർക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളായ ഇവർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു രാത്രി പതിനൊന്നരയോടെ അപകടമുണ്ടായത്.
പൊട്ടിത്തെറിച്ച ഫ്രിഡ്ജിൽ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയുമായിരുന്നു. അപകടത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട ദമ്പതികളെ ആദ്യം മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
