തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഇനി മുതൽ പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന് ശുപാർശ. നിലവിലുള്ള അഞ്ച് വർഷത്തിലൊരിക്കലുള്ള ശമ്പളപരിഷ്കരണ രീതിക്ക് പകരമായാണ് പുതിയ മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണ കാലാവധി നീട്ടുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പരിഹരിക്കാൻ പകരം ക്ഷാമബത്തയും (ഡി.എ) ക്ഷാമാശ്വാസവും (ഡി.ആർ) കൃത്യമായി നൽകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. കേന്ദ്ര സർക്കാർ മാതൃകയിൽ പത്ത് വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത് വഴി സർക്കാരിന് വലിയൊരു തുക ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഈ നീക്കത്തിനെതിരെ സർവീസ് സംഘടനകൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ട്. നിലവിൽ ജീവനക്കാർക്ക് ലഭിക്കേണ്ട ഡി.എ കുടിശ്ശികകൾ നൽകിത്തീർക്കാത്ത സാഹചര്യത്തിൽ അഞ്ച് വർഷത്തെ കാലാവധി മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
