ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക രേഖയല്ലെന്നും, പൗരന്മാരുടെ വിദേശയാത്രകൾ നിയന്ത്രിക്കാൻ സർക്കാർ നൽകുന്ന ഒരു യാത്രാ രേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാമോ എന്ന ചർച്ചകൾ രാജ്യത്ത് ശക്തമാകുന്നതിനിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം വിദേശയാത്രകൾ നിയന്ത്രിക്കുന്നതിനായി നൽകുന്ന രേഖ മാത്രമാണിതെന്നും, നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളതെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിശദീകരിച്ചു.
കഴിഞ്ഞ ജൂൺ 24-ന് നടന്ന 'പാസ്‌പോർട്ട് സേവാ ദിവസ്' യോഗത്തിൽ, പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ പൗരത്വം തെളിയിക്കാൻ പാസ്‌പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ പരാമർശം ആദ്യമായി നടത്തിയത്. അതേസമയം, വിയോജിപ്പുള്ള ഇന്ത്യൻ പൗരന്മാരുടെ പൗരത്വ അവകാശങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
'എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ, ഞാൻ ഗാന്ധിജിയല്ല'; കോടതിയിൽ ജഡ്ജിയെ വെല്ലുവിളിച്ച് നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. ഭാരതീയ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, "ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ ഞാൻ ഗാന്ധിജി അല്ല, എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ" എന്ന് പ്രതി കോടതിയിൽ പറഞ്ഞു. നിങ്ങൾക്ക് എന്റെ അവസ്ഥ വന്നാലേ അത് മനസ്സിലാകൂ എന്നും, വേണ്ടി വന്നാൽ ഇനിയും കൊല്ലുമെന്നും പ്രതി ജഡ്ജിയെ വെല്ലുവിളിച്ചു.
2025 ജനുവരി 27-നാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാൾ, 2022-ൽ ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രതിയുടെ ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട ശേഷമായിരിക്കും കോടതി അന്തിമ ശിക്ഷ പ്രഖ്യാപിക്കുക.
