Zygo-Ad

കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കരുത്; മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി

 


മൂവാറ്റുപുഴ: തങ്ങളുടെ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കരുതെന്ന അഭ്യർഥനയുമായി അഞ്ചാം ക്ലാസ് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചു. മാറാടി അഞ്ചാം വാർഡിലെ അവറാച്ചൻ ഉന്നതിയിൽ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെയാണ് കത്ത് നൽകിയിരിക്കുന്നത്. കള്ള് ഷാപ്പിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം തുടരുന്നതിനിടെയാണ് മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അൻപതിലധികം കുട്ടികൾ കളിച്ചുനടക്കുന്ന സ്ഥലത്താണ് കള്ള് ഷാപ്പ് തുടങ്ങാൻ പോകുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കുറെ ദിവസങ്ങളായി തങ്ങളുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഈ ഷാപ്പിനെതിരെ സമരത്തിലാണെന്ന് ഇവാനിയ കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നതിനാൽ കുട്ടികളും സമരപ്പന്തലിൽ പോയിരുന്നുവെന്നും, അവിടെ പൊലീസും കള്ള് ഷാപ്പിന്റെ ആളുകളും നാട്ടുകാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് കണ്ട് തങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയെന്നും, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടി മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. മുഖ്യമന്ത്രിക്ക് മാത്രമേ തങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചാണ് ഈ കത്ത് എഴുതുന്നതെന്നും ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നതായും കത്തിൽ പറയുന്നു.


വളരെ പുതിയ വളരെ പഴയ