ദില്ലി: നീറ്റ് പരീക്ഷാ ഫലത്തിലെ അപാകതകളിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ കാണിച്ചതായാണ് പ്രധാന പരാതി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ആര്യ സിംഗ് ഇത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകി.
ബീഹാറിലെ മധേപുര സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിനിക്ക് പരീക്ഷയ്ക്ക് ഹാജരാകാത്തതായി രേഖപ്പെടുത്തിയ ഫലമാണ് ലഭിച്ചതെന്നും ആരോപണമുണ്ട്. എൻടിഎ പുറത്തുവിട്ട അന്തിമ ഉത്തരസൂചിക പ്രകാരം ലഭിക്കേണ്ട മാർക്കും ഔദ്യോഗികമായി ലഭിച്ച ഫലവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കൂടുതൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തിൽ എൻടിഎയ്ക്ക് നിയമപരമായ നോട്ടീസ് നൽകുമെന്ന് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ അറിയിച്ചു. അതേസമയം ചട്ടപ്രകാരം പരാതി നൽകുന്ന വിദ്യാർഥികളുടെ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകുന്ന വിശദീകരണം.
