Zygo-Ad

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, 7പേർ മരണപ്പെട്ടു


കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു.

സൈറ്റ് എഞ്ചിനീയറായ ഹിമാചല്‍ സ്വദേശി രാഹുല്‍ ശർമ, എക്‌സ്‌കവേറ്റർ ഓപ്പറേറ്റായ ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്‌ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും ഒരു തിരിച്ചറിയാത്ത മൃതദേഹവുമാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോള്‍ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാല്‍ എന്നിവരാണ് മരിച്ചത്. 

കണ്‍സ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെ ഇനി കണ്ടെത്താനുണ്ട്. തിരിച്ചറിയാത്ത മൃതദേഹം ഇവരില്‍ ഒരാളുടേതാണെന്നാണ് നിഗമനം.

പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. പുഴയില്‍ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. 

തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയുമുണ്ട്. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. 

കഡാവർ നായ്‌ക്കളെയും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് നേരത്തെ നേരിയ മഴയുണ്ടായിരുന്നു. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് അധികൃതർ പറയുന്നത്.

വളരെ പുതിയ വളരെ പഴയ