കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കൂറ്റൻ ക്ലോക്ക് ടവർ തകർന്നുവീണു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇവിടെയുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയും ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. നേത്രാവതി, ഏറനാട് എക്സ്പ്രസുകൾ വെസ്റ്റ് ഹിൽ, വെള്ളയിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
അപകടം നടക്കുമ്പോൾ കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെങ്കിലും ഇത് അടച്ചിട്ട നിലയിലായിരുന്നു. ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട ട്രെയിൻ ആയതിനാലാണ് ഇതിൽ യാത്രക്കാർ ഇല്ലാതിരുന്നത്. സംഭവസ്ഥലത്ത് പോലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗം കൂടി നിലംപതിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് പെയ്ത കനത്ത മഴയിൽ കെട്ടിടം തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായുള്ള പൈലിങ് കാരണം കാലപ്പഴക്കമുള്ള ടവറിന് ബലക്ഷയമുണ്ടെന്ന ആശങ്കകൾ അധികൃതർ അവഗണിച്ചുവെന്ന ആക്ഷേപവും നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്.
