തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം തികയുന്നു. ജൂലൈ മാസം ആരംഭിച്ചതോടെ പ്രവാസികൾക്കുള്ള പെൻഷൻ ലഭ്യത പൂർണ്ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ മാർച്ച് മാസം വരെ കൃത്യമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങളാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. വിദേശത്തെ കഠിനാധ്വാനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ സുരക്ഷിതമായ ജീവിതം ലക്ഷ്യം വെച്ച് തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പെൻഷൻ പദ്ധതിയിലേക്ക് വിഹിതമായി നൽകിയ പ്രവാസികൾ ഇപ്പോൾ വലിയ ആശങ്കയിലാണ്.
രണ്ട് വിഭാഗങ്ങളിലായാണ് നിലവിൽ പെൻഷൻ നൽകി വരുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ തന്നെ പദ്ധതിയിൽ ചേർന്നവർക്ക് 3,500 രൂപയും, നാട്ടിൽ തിരിച്ചെത്തിയ ശേഷം അംഗങ്ങളായവർക്ക് 3,000 രൂപയുമാണ് പെൻഷനായി ലഭിക്കുന്നത്. എന്നാൽ മുൻ ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് നിലവിലില്ലാത്ത സാഹചര്യം ഈ പദ്ധതികളുടെ പ്രവർത്തനത്തെ പൂർണ്ണമായും അവതാളത്തിലാക്കിയിരിക്കുകയാണ്. പെൻഷൻ മാത്രമല്ല, പ്രവാസികൾക്കായുള്ള നോർക്കയുടെ ഹെൽത്ത് കെയർ പദ്ധതികൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ തുടങ്ങിയവയും ഇപ്പോൾ കൃത്യമായി നടക്കുന്നില്ലെന്ന് പ്രവാസികൾ പരാതിപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ മാത്രം കേരളത്തിൽ നിന്നുള്ള 35 ലക്ഷത്തോളം പ്രവാസികളുണ്ട്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാർ പ്രവാസികളോട് അവഗണനയാണ് കാണിക്കുന്നതെന്ന് പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു. മുൻപ് നോർക്കയും പ്രവാസി ക്ഷേമനിധി ബോർഡും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവാസി ക്ഷേമം വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
