കൊച്ചി: ഐആർസിടിസി വഴി ഓൺലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജ ബുക്കിംഗുകളും ഏജന്റുമാരുടെ അനധികൃത ഇടപെടലുകളും തടയുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഈ സംവിധാനം ഏർപ്പെടുത്തിയത്. റെയിൽവേയുടെ ഈ തീരുമാനത്തിനെതിരെ തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർദ്ദേശം.
അതേസമയം, ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നേരിട്ട് ടിക്കറ്റ് കൗണ്ടറുകൾ വഴി ഓഫ്‌ലൈനായി ടിക്കറ്റെടുക്കുന്നവർക്ക് ആധാർ നിർബന്ധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
