മട്ടന്നൂർ: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി ഒഴിഞ്ഞ് കൂടുതൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ചതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്. മെയ് മാസത്തെ കണക്കുകൾ പ്രകാരം മുൻ മാസത്തെക്കാൾ 26,733 അന്താരാഷ്ട്ര യാത്രക്കാരാണ് അധികമായി എത്തിയത്. ആകെ 44,982 പേരാണ് മെയ് മാസത്തിൽ കണ്ണൂർ വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് 1,00,993 അന്താരാഷ്ട്ര യാത്രക്കാരായിരുന്നു. അതേസമയം, ചില ആഭ്യന്തര സർവീസുകൾ കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിലിൽ 43,528 ആഭ്യന്തര യാത്രക്കാരുണ്ടായിരുന്നത് മെയ് മാസത്തിൽ 42,277 ആയി കുറഞ്ഞു. എന്നാൽ അന്താരാഷ്ട്ര മേഖലയിൽ വലിയ ഉണർവാണ് ഉണ്ടായത്. മെയ് മാസത്തിൽ മാത്രം 160 അന്താരാഷ്ട്ര സർവീസുകളാണ് വർധിച്ചത്. ആകെ 279 അന്താരാഷ്ട്ര സർവീസുകളും 388 ആഭ്യന്തര സർവീസുകളുമാണ് ഈ കാലയളവിൽ നടത്തിയത്. നിർത്തിവെച്ചിരുന്ന സർവീസുകൾ മിക്കതും പുനരാരംഭിച്ച സാഹചര്യത്തിൽ വരും മാസങ്ങളിൽ കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകളിൽ 80 ശതമാനവും ഇപ്പോൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
