Zygo-Ad

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

 


ഡാലസ്: ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന്‍ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ നേടിയ നാടകീയ ഗോളാണ് സ്പെയിനിന് ചരിത്ര വിജയം സമ്മാനിച്ചത്. ഫെറാന്‍ ടോറസിന്റെ മനോഹരമായ ക്രോസില്‍ നിന്നായിരുന്നു മെറിനോയുടെ ഈ വിജയഗോള്‍ പിറന്നത്. ഈ തോല്‍വിയോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു. തന്റെ കരിയറിലെ അവസാന ലോകകപ്പാണിതെന്ന് 41കാരനായ റൊണാള്‍ഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മത്സരത്തിലുടനീളം പന്തടക്കത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെയാണ് മുന്നിട്ടുനിന്നത്. ആദ്യ പകുതിയില്‍ ലമീന്‍ യമാലിന്റെയും മിഖേല്‍ ഓയര്‍സബാലിന്റെയും മികച്ച മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ തടഞ്ഞുനിര്‍ത്തി. മറുപടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ മനോഹരമായ ഒരു ഗോള്‍ ശ്രമം സ്പാനിഷ് കീപ്പര്‍ ഉനായ് സിമോണും പ്രതിരോധിച്ചു. ആദ്യ പകുതിയുടെ 41-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡിസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചത് അവര്‍ക്ക് വലിയ തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധത്തിലൂന്നി ജാഗ്രതയോടെയാണ് കളിച്ചതെങ്കിലും കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് സ്‌പെയിന്‍ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബര്‍ണാര്‍ഡോ സില്‍വയിലൂടെ സമനില പിടിക്കാന്‍ പോര്‍ച്ചുഗലിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. തുടര്‍ച്ചയായ ആറാം മത്സരത്തിലും ഗോള്‍ വഴങ്ങാതെ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തിയ സ്‌പെയിന്‍, വെള്ളിയാഴ്ച ലൊസാഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎസ്എ - ബെല്‍ജിയം പോരാട്ടത്തിലെ വിജയിയെ നേരിടും.

 

വളരെ പുതിയ വളരെ പഴയ