കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് ഇന്ന് പരിശോധന നടക്കുക.
പരിശോധനയില്‍ ചില സൂചനകള്‍ ലഭിച്ച മൂന്നാം സോണിലും മീനാക്ഷി പുഴയിലും ഇന്ന് പ്രത്യേക പരിശോധനകള്‍ ഉണ്ടായിരിക്കും. ഇന്നലത്തെ തിരച്ചിലിനിടെ കെഡാവര്‍ നായകള്‍ ചിലയിടങ്ങളില്‍ അടയാളം കാണിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാണാതായവര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പുഴ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കും. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ കടുത്ത ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.
സംരക്ഷണഭിത്തി തകര്‍ന്നതിന് മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിക്കും.
