Zygo-Ad

ആഗോള പ്രതിരോധ വിപണിയില്‍ വൻ ശക്തിയായി ഇന്ത്യയുടെ കുതിപ്പ്: വാങ്ങാൻ ഗള്‍ഫ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങള്‍


ന്യൂഡൽഹി: ആഗോള പ്രതിരോധ വിപണിയില്‍ വൻ ശക്തിയായി മാറി ഇന്ത്യ ഇന്ത്യയുടെ കുതിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയില്‍ 56 മടങ്ങിന്റെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

'മെയ്ഡ് ഇൻ ഇന്ത്യ' പ്രതിരോധ സാമഗ്രികള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള എണ്‍പതിലധികം രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. 

ഇന്ത്യയുടെ അഭിമാനമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകള്‍ക്കായി ഗള്‍ഫ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളില്‍ നിന്ന് പുതിയ അന്വേഷണങ്ങള്‍ എത്തുന്നതായും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡ്രോണ്‍ വിപണിയായി മാറുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ക്ക് പുറമെ പശ്ചിമേഷ്യ (ഗള്‍ഫ്), ലാറ്റിൻ അമേരിക്കൻ മേഖലകളിലെ 6 പ്രമുഖ രാജ്യങ്ങള്‍ കൂടി മിസൈല്‍ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള പ്രതിരോധ കയറ്റുമതിയില്‍ വലിയൊരു ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ മുന്നേറ്റം വൻ ഊർജ്ജമാണ് നല്‍കുന്നത്.

 സൗദി അറേബ്യ, ഈജിപ്ത്, തായ്‌ലൻഡ്, ബ്രസീല്‍, ചിലി എന്നിവർക്ക് പുറമെ ഗള്‍ഫ് മേഖലയില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) മിസൈല്‍ വാങ്ങാനുള്ള ചർച്ചകളിലാണ്. യു.എ.ഇയുമായുള്ള ചർച്ചകള്‍ കരാറിലേക്ക് എത്തിയാല്‍, ഗള്‍ഫ് മേഖലയിലേക്കുള്ള ബ്രഹ്മോസിന്റെ ആദ്യത്തെ കയറ്റുമതിയായി ഇത് മാറും.

ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം വാങ്ങാൻ ഇന്ത്യയുമായി യുഎഇ ചർച്ചകള്‍ നടത്തിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയോ യുഎഇയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2013-14 സാമ്പത്തിക വർഷത്തില്‍ വെറും 686 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി, 2025-26 സാമ്പത്തിക വർഷത്തില്‍ 38,424 കോടി രൂപയായി ഉയർന്നു.

 മുൻ വർഷത്തെ അപേക്ഷിച്ച്‌ (23,622 കോടി രൂപ) 62.66 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പൊതുമേഖലയുടെ കരുത്ത്: പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചത്.

പൊതുമേഖലാ കയറ്റുമതിയില്‍ 151 ശതമാനം വർധനവോടെ 21,071 കോടി രൂപയായി ഉയർന്നു. സ്വകാര്യ മേഖല 17,353 കോടി രൂപയുടെ സംഭാവന നല്‍കി (14% വർധനവ്). നേരത്തെ സൈപ്രസ്, ഗ്രീസ്, നോർഡിക് രാജ്യങ്ങള്‍ തുടങ്ങിയവർ ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാൻ താത്പര്യമറിയിച്ചിരുന്നു.

 പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം മികച്ച ഒരു കയറ്റുമതി രാജ്യമായി മാറാനും ഇന്ത്യക്ക് സാധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ റെക്കോർഡ് നേട്ടങ്ങള്‍. 

നിലവില്‍ 145 സജീവ പ്രതിരോധ കയറ്റുമതി കമ്പനികളാണ് ഇന്ത്യയിലുള്ളത്. ബ്രഹ്മോസ് മിസൈലുകള്‍, ആകാശ് മിസൈല്‍ സംവിധാനം, പിനാക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍, റഡാറുകള്‍, പീരങ്കികള്‍, പട്രോള്‍ ബോട്ടുകള്‍ എന്നിവയ്ക്ക് ആഗോളതലത്തില്‍ വൻ ഡിമാൻഡാണ്.

സിംഗപ്പൂരില്‍ നടന്ന ഷാംഗ്രി-ലാ ഡയലോഗില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കിയതനുസരിച്ച്‌, വിയറ്റ്നാമുമായി ഇന്ത്യ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈല്‍ കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്.

 ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അവസാന ഘട്ടത്തിലാണ്. ഫിലിപ്പീൻസ് നേരത്തെ തന്നെ 375 മില്യണ്‍ ഡോളറിന്റെ ബ്രഹ്മോസ് കരാർ ഇന്ത്യയുമായി ഒപ്പിട്ടിരുന്നു.

 ആധുനിക പ്രതിരോധ സാമഗ്രികളായ ATAGS (Advanced Towed Artillery Gun System) പീരങ്കികള്‍, പിനാക റോക്കറ്റ് ലോഞ്ചറുകള്‍, ആകാശ്-1S മിസൈലുകള്‍ എന്നിവ ഇന്ത്യ അർമേനിയയ്ക്ക് വിജയകരമായി കൈമാറി കഴിഞ്ഞു.

ബ്രഹ്‌മോസ്- ഇന്ത്യൻ തുറുപ്പ് ചീട്ട്

ഏകദേശം 2.8 മാക് വേഗതയില്‍ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് മിസൈലുകളുടെ ഏറ്റവും പുതിയ വകഭേദത്തിന് 450 കിലോ മീറ്റർ വരെ ദൂര പരിധിയുണ്ട്.

 സൂപ്പർസോണിക് വിഭാഗത്തില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. 200 മുതല്‍ 300 കിലോഗ്രം വരെ ഭാരമുള്ള പോർമുനകള്‍ വഹിക്കാൻ ശേഷിയുള്ള ബ്രഹ്‌മോസിന് ആണവായുധവും വഹിക്കാനാകും. 

മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം ( എംടിസിആർ) അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ വില്‍ക്കുന്നതിന് വിലക്കുള്ളതിനാല്‍ ഇന്ത്യ കയറ്റുമതി ചെയ്ത ബ്രഹ്‌മോസ് മിസൈലുകള്‍ ഈ പരിധിക്കുള്ളില്‍ നില്‍ക്കുന്നവയാണ്. നിലവില്‍ റഷ്യ തങ്ങളുടെ പുതിയ അന്തർവാഹിനികളില്‍ ബ്രഹ്‌മോസ് ഉള്‍പ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ