തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വൃദ്ധസദനങ്ങളുടെയും പേര് നിർബന്ധമായും 'സ്നേഹാലയം' എന്ന് മാറ്റാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സർക്കാർ ഉത്തരവ് പ്രകാരം 'വൃദ്ധസദനം' എന്ന വാക്കിന് പകരം 'സ്നേഹാലയം' എന്ന പേര് തന്നെ ഉപയോഗിക്കണം.
എല്ലാ ഔദ്യോഗിക രേഖകളിലും, നെയിം ബോർഡുകളിലും, വെബ്സൈറ്റുകളിലും, മറ്റ് പൊതുപ്രയോഗങ്ങളിലും പുതിയ പേര് ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. സ്ഥാപനങ്ങളുടെ പേരിൽ മാറ്റം വരുത്തുന്നത് വഴി മുതിർന്ന പൗരന്മാർക്ക് കൂടുതൽ ആദരവും ആത്മാഭിമാനവും നൽകാനാണ് ലക്ഷ്യമിടുന്നത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങൾക്കും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും. നിർദേശം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
