തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. നാളെയും സമാനമായ രീതിയിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
