കോഴിക്കോട്: മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ ലഭിച്ചു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും, മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ എത്തിയത്. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് ഇംഗ്ലീഷിൽ സംസാരിച്ചയാൾ പരിചയപ്പെടുത്തിയത്. വയനാട് എംപിയുടെ ഓഫീസിലെ രാജ്‌കുമാർ ആണെന്നും, ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ നൽകിയതെന്നും ഇയാൾ അവകാശപ്പെട്ടു. സംശയം തോന്നിയ എംഎൽഎ പണം തരാമെന്ന് സമ്മതിക്കുകയും എങ്ങനെയാണ് തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്ന് തിരിച്ചുചോദിക്കുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ച് മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷനെക്കുറിച്ച് ഇയാൾ വിവരിക്കുകയും ചെയ്തു.
ഫോൺ കട്ട് ചെയ്ത ശേഷം എംഎൽഎ തന്റെ നമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങൾ തിരക്കി. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു ഫോൺ കോൾ അവിടെ നിന്ന് ചെയ്തിട്ടില്ലെന്ന് വ്യക്തമായത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
