തിരുവനന്തപുരം: ഓണക്കാലം മുന്നിൽക്കണ്ട് വിപണി ഇടപെടലുകൾ നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചു. ഓണവിപണി സജീവമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 200 കോടി രൂപയും, എഎവൈ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് നൽകുന്നതിനായി 53 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് തുക അനുവദിക്കാൻ നടപടിയെടുത്തത്. അനുവദിച്ച തുക ചെലവഴിച്ച ശേഷം കൂടുതൽ ഫണ്ട് ആവശ്യമായി വരികയാണെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു.
മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. സർക്കാരിന്റെ വിപണിയിടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
