തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തിപരമായ വീഴ്ചയില്ലെന്നും തോൽവിയുടെ പൂർണ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിന് ഒന്നാകെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടി അവലോകന റിപ്പോർട്ടിലെ വിവരങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയിൽ മാത്രം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "പാർട്ടിയുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിനാൽ ജയത്തിന്റെയും തോൽവിയുടെയും ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയാണ്. തെറ്റുകൾ കണ്ടെത്തി തിരുത്തി മുന്നോട്ടു പോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്," എം.വി. ഗോവിന്ദൻ പറഞ്ഞു.
ജനങ്ങളിലേക്കിറങ്ങി അടിത്തറ ശക്തിപ്പെടുത്താനും പോരായ്മകൾ പരിഹരിച്ച് തിരിച്ചു വരാനുമുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
