ന്യൂഡൽഹി: ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനം രജിസ്ട്രേഷൻ നമ്പർ മാറ്റാതെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിൽ പ്രാബല്യത്തിലുള്ള മോട്ടോർ വാഹന നിയമപ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ അവിടെ പുതിയ രജിസ്ട്രേഷൻ എടുക്കണമെന്നാണ് വ്യവസ്ഥ.
പതിവായി മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് കേന്ദ്രസർക്കാറിന്റെ ഈ പുതിയ നീക്കം. പുതിയ ഭേദഗതി വരുന്നതോടെ ആവർത്തിച്ചുള്ള റീ-രജിസ്ട്രേഷൻ നടപടികളും നികുതി കൈമാറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും ഒഴിവാക്കാൻ വാഹന ഉടമകൾക്ക് സാധിക്കും.
