തിരുവനന്തപുരം: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ജയിലിലെ ചടങ്ങുകൾ. തിരുവനന്തപുരം മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നും ജനാധിപത്യത്തിൽ ജനകീയ വിധി മാനിക്കപ്പെടണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ജനവിധി മാനിക്കാനാണ് ഇത്തരം നടപടിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ ജനപ്രതിനിധികളിൽ ഒരാളാണ് ഇരുപതാം വാർഡിലെ കൗൺസിലറായ സുഗതൻ. തുടർന്ന് കഴിഞ്ഞ ജൂൺ ഒൻപത് മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ്. ഇവിടെ വെച്ചാണ് ഇപ്പോൾ പുനഃസത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായത്.
