Zygo-Ad

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

 


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് വീണ്ടും തിരിച്ചടി. വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കേസിൽ പൾസർ സുനിയെ വിചാരണ കോടതി 20 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് ഇടയാക്കുമെന്നും നടി വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രൊസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു.

പ്രതിയുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. ഒന്നാം പ്രതി കൊടും ക്രിമിനലാണെന്നും തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് മുൻപ് കോടതി പിഴയിട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സുപ്രീംകോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായ കാര്യം സർക്കാർ ചൂണ്ടിക്കാട്ടി. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന സർക്കാരിന്റെയും പ്രൊസിക്യൂഷന്റെയും വാദങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.



വളരെ പുതിയ വളരെ പഴയ