Zygo-Ad

സംസ്ഥാനത്താദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലില്‍; ബിജെപി നേതാവ് സുഗതൻ തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലറായി


തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലില്‍. കാപ്പാ കേസില്‍ പ്രതിയായ ബിജെപി നേതാവ് ആർ.സുഗതൻ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു.

ജൂലൈ 14 രാവിലെ 11ന് തൃശൂർ വിയ്യൂർ ജയിലില്‍ നടന്ന ചടങ്ങില്‍ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു വാഴോട്ടുകോണം (വാർഡ് 20) കൗണ്‍സിലർ സുഗതന്റെ സത്യപ്രതിജ്ഞ.

മുമ്പ് ഗുരുദേവ നാമത്തില്‍ നടത്തിയ സത്യപ്രതിജ്ഞ സിപിഎം കൗണ്‍സിലർ ദീപക്കിന്റെ പരാതിയില്‍ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനില്‍ 20 ബിജെപി കൗണ്‍സിലർമാർ ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു.

 ശ്രീനാരായണ ഗുരു, ശ്രീപത്മനാഭ സ്വാമി, അയ്യപ്പസ്വാമി, ആറ്റുകാലമ്മ, ഉദിയന്നൂരമ്മ, ബലിദാനികള്‍, ഭാരതാംബ എന്നീ നാമങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തതാണ് ഇവരുടെ സത്യപ്രതിജ്ഞ അസാധുവാക്കാൻ കാരണമായത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം എന്നായിരുന്നു ജൂണ്‍ 24 ലെ ഹൈക്കോടതി ഉത്തരവ്.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദപ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് വേണ്ടത്.

തുടർന്ന് 19 കൗണ്‍സിലർമാർ വീണ്ടും സത്യപ്രതി‍‍‍ജ്ഞ ചെയ്തു. എന്നാല്‍ കാപ്പാ കേസില്‍ ജയിലിലായ സുഗതന് ചടങ്ങിന് കഴിഞ്ഞില്ല. കാപ്പ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ജൂണ്‍ 9 നാണ് സുഗതനെ അറസ്റ്റ് ചെയ്തത്.

 ജാമ്യം നേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്.

തടവില്‍ ഇളവു നല്‍കാൻ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ നടത്തിയ ശേഷ‌മുള്ള 6 മാസം കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതനു പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.

 6 മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് സുഗതൻ കത്ത് നല്‍കി. തക്കതായ കാരണമുണ്ടെങ്കില്‍ മേയർക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പല്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വളരെ പുതിയ വളരെ പഴയ