Zygo-Ad

ഷിഗെല്ല രോഗവ്യാപനം വയനാട്ടിൽ കടുത്ത ജാഗ്രത സമ്പർക്കത്തിലൂടെയും രോഗപ്പകർച്ചയെന്ന് സംശയം കൂടുതൽ ഫലങ്ങൾ ഇന്ന് വരും

 


വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുൽത്താൻ ബത്തേരിയിൽ നിലവിൽ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും, കൂടുതൽ ആളുകൾ ചികിത്സ തേടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

വിദഗ്ധ പരിശോധനയ്ക്കായി അയച്ച 13 പേരുടെ സാംപിൾ ഫലങ്ങൾ ഇന്ന് ലഭിച്ചേക്കും. ആദ്യഘട്ടത്തിൽ അയച്ച 21 സാംപിളുകളിൽ എട്ടെണ്ണമാണ് പോസിറ്റീവായത്. രോഗം സമ്പർക്കത്തിലൂടെ പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ 44 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും ഈ അവധി ബാധകമായിരിക്കില്ല. സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടതുണ്ട്.


 

വളരെ പുതിയ വളരെ പഴയ