Zygo-Ad

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുള്‍പ്പെടെ നേതാക്കള്‍ക്ക് പങ്കുള്ളതായി സൂചന


തിരുവനന്തപുരം: തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമെന്നതിന് കൂടുതല്‍ വ്യക്തം.

ആളെ കൂട്ടാൻ സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. സുരേന്ദ്രൻപിള്ളയുടെ ശബ്ദ സന്ദേശം തെളിവ് കുടുതല്‍ ശക്തമായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, മുൻ എംഎല്‍എ: വി.കെ. പ്രശാന്ത് തുടങ്ങിയവരുള്‍പ്പെട്ട നേതാക്കളുടെ കൂടിയാലോചനയിലെ തീരുമാനമായിരുന്നു ആക്രമണം. 

ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ കേസന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസി തന്നെ വേണമെന്ന ആവശ്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

സിഐടിയു നേതാവ് പി. സുരേന്ദ്രൻപിള്ളയുടെ ശബ്ദ സന്ദേശം തലസ്ഥാന നഗരത്തിലെ മുഴുവൻ സിഐടിയു പ്രവർത്തകരും യൂണിഫോമില്‍ സ്ഥലത്തേക്ക് എത്തണമെന്നാണ് നിർദ്ദേശം. 

സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ”കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഇ ഡി അദ്ദേഹത്തിന്റെ വസതികള്‍ റെയ്ഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടീസുപോലും കൊടുക്കാതെ അദ്ദേഹത്തെ തളർത്തിക്കളയാം എന്ന ധാരണയിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്. 

സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളികളും യൂണിഫോമില്‍ അടിയന്തരമായി ബേക്കറി ജങ്ഷനിലുള്ള വത്സലാ നഴ്‌സിങ് ഹോമിന്റെ മുൻവശത്ത്, സഖാവ് പിണറായി വിജയൻ താമസിക്കുന്ന വീടിന്റെ മുൻവശത്ത് അടിയന്തരമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളി സഖാക്കളും യൂണിഫോമില്‍ അവിടെ എത്തുക.” അതായത് പാർട്ടിയുടെ ഉന്നത നേതാക്കള്‍ നിർദ്ദേശിച്ച പ്രകാരം പോഷക സംഘടനയുടെ പ്രവർത്തകരെ ഉള്‍പ്പെടെ ആക്രമണത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു.

കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ റെയ്ഡ് നടത്തി. എല്ലാം അപ്രതീക്ഷിതവും അതിരാവിലെയുമായിരുന്നു. കണ്ണൂരില്‍ റെയ്ഡ് നടക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ ജില്ലാ നേതാക്കള്‍ ഉഴറുകയായിരുന്നു. 

പത്തു മണിയോടെ കൂടിയാലോചനകള്‍ക്കു ശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ് എത്തി മാധ്യമങ്ങളോടും അണികളോടും സംസാരിക്കുമ്പോള്‍ പ്രതിഷേധം എന്നതിനപ്പുറം നടപടികള്‍ ഉണ്ടായിരുന്നില്ല. ഇ ഡി ഉദ്യോഗസ്ഥരെ മടക്കി അയക്കാൻ നേതാക്കള്‍ ഒപ്പം നിന്നു. കോഴിക്കോട്ടും ഏറെക്കുറേ സമാനമായിരുന്നു നടപടികള്‍.

 എന്നാല്‍ തിരുവനന്തപുരത്ത് മറിച്ചൊരു സമീപനം എടുത്തത് പാർട്ടി നേതാക്കളുടെ കൂടിയാലോചനകള്‍ക്ക് ശേഷമാണ്. ഇതില്‍, റെയ്ഡ് നടക്കുമ്പോള്‍ വീട്ടിനുള്ളിലായിരുന്ന പിണറായി വിജയൻ കൂട്ടു ചേർന്നോ എന്ന കാര്യം വ്യക്തമല്ല.

റെയ്ഡു നടക്കുന്ന വേളയില്‍ വീട്ടിനുള്ളവർക്ക് പുറംലോകവുമായി ഫോണില്‍ ബന്ധപ്പെടാൻ പോലും അനുവാദമില്ലാത്തതാണ്. ജോണ്‍ ബ്രിട്ടാസ്, താൻ എംപിയാണെന്ന് പറഞ്ഞ് പിണറായിയുടെ വീട്ടില്‍ കയറാൻ ശ്രമിച്ചത് ഇഡി സമ്മതിച്ചില്ല. 

എന്നാല്‍ പിണറായിക്ക് സിപിഎം നേതാക്കളുമായി ഫോണില്‍ സംസാരിക്കാൻ അനുമതി നല്‍കിയെങ്കില്‍ അത് ഇ ഡി ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അക്കാര്യവും അന്വേഷിക്കേണ്ടതായുണ്ട്.

നേതാക്കള്‍ ഇടപെട്ട് ആസൂത്രണം ചെയ്തതാണ് ആക്രമണം എന്ന കാര്യത്തില്‍ സംശയമില്ല. ആരൊക്കെ ഏതൊക്കെ തലത്തില്‍ അതില്‍ പങ്കുചേർന്നു എന്നകാര്യമാണ് അറിയേണ്ടത്.

സംസ്ഥാന പോലീസ് ഈ കേസില്‍ കണ്ടാലറിയാവുന്നവർക്കെതിരേ അറസ്റ്റ് നടപടികളാണ് ഇപ്പോള്‍ നടത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സംസ്ഥാന പാർട്ടി നേതാക്കളുടെ കാര്യത്തില്‍ കേസ് നടപടി എങ്ങനെ എന്ന് വ്യക്തമല്ല.

 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ സംഭവത്തില്‍ നേതാക്കളെ കുറഞ്ഞ കുറ്റങ്ങളില്‍ പ്രതി ചേർത്താല്‍ മതിയെന്നാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം.

ഈ സാഹചര്യത്തില്‍ കേസ് കേരള പോലീസോ, പ്രത്യേക ടീമോ അന്വേഷിക്കുന്നത് പ്രതികളെ കണ്ടെത്താൻ സഹായിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇ ഡി മുന്നോട്ടു വെക്കുന്നത്. ജൂണ്‍ അഞ്ചിനാണ് സിഎംആർഎല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചില്‍ കൊടുത്തിരിക്കുന്ന ഹർജി പരിഗണിക്കുന്നത്.

വളരെ പുതിയ വളരെ പഴയ