Zygo-Ad

തുടര്‍ പരാജയങ്ങളും വിവാദങ്ങളും; സി.ബി.എസ്.ഇ ചെയര്‍മാനെയും സെക്രട്ടറിയെയും തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കി,: നടപടി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ


ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുള്‍പ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളില്‍ മുഖം രക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ.

സി.ബി.എസ്.ഇ ചെയർമാൻ രാഹുല്‍ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ അടിയന്തരമായി തത്‌സ്ഥാനങ്ങളില്‍ നിന്ന് നീക്കി. തുടർച്ചയായ വിവാദങ്ങള്‍ സി.ബി.എസ്.ഇയുടെ വിശ്വാസ്യതയെ തന്നെ പൂർണ്ണമായി ബാധിക്കുമെന്ന ഘട്ടമെത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് ഈ അഴിച്ചു പണിക്ക് നിർദ്ദേശ നല്‍കിയതെന്നാണ് വിവരം.

ആഭ്യന്തര മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയായിരുന്ന ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ ചെയർമാനായി നിയമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായ വരുണ്‍ ഭരദ്വാജ് പുതിയ സെക്രട്ടറിയാകും. നിലവിലുണ്ടായിരുന്ന ചെയർമാൻ രാഹുല്‍ സിംഗിനെ കൃഷി മന്ത്രാലയത്തിലേക്കും, ഹിമാൻഷു ഗുപ്തയെ ആഭ്യന്തര മന്ത്രാലയത്തിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

നടപടിക്ക് പിന്നില്‍ വിദ്യാർത്ഥികളുടെ കടുത്ത അമർഷവും പ്രതിഷേധവും

പരീക്ഷകള്‍, ഭരണം, ദൈനംദിന പ്രവർത്തനങ്ങള്‍ എന്നിവ നേരിട്ട് നിയന്ത്രിക്കുന്നത് ചെയർമാനും സെക്രട്ടറിയുമാണ്. പരീക്ഷാ പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) രീതിയിലെ പാളിച്ചകളും, പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കേണ്ട വെബ് പോർട്ടലിലെ തുടർച്ചയായ സാങ്കേതിക തടസങ്ങളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വല്ലാതെ വലച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.

ഒ.എസ്.എം കരാറിലെ ക്രമക്കേടുകളെക്കുറിച്ച്‌ കേന്ദ്ര കപ്പാസിറ്റി ബില്‍ഡിംഗ് കമ്മിഷൻ ചെയർപേഴ്സണ്‍ എസ്.രാധാ ചൗഹാൻ അന്വേഷിക്കും. 

ഒരു മാസത്തിനകം പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ ആൻഡ് ട്രെയിനിംഗ് വകുപ്പിന് ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കൈമാറാനാണ് നിർദ്ദേശം.

അതേസമയം, ഇന്നലെ പ്രവർത്തനക്ഷമമായ പുനർമൂല്യ നിർണയ അപേക്ഷയ്‌ക്കുള്ള വെബ് പോർട്ടല്‍ നിരന്തര സൈബർ ആക്രമണത്തിന് വിധേയമായി. മിനിട്ടുകള്‍ കൊണ്ട് സൈറ്റിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരുലക്ഷത്തിലധികം ശ്രമങ്ങള്‍ നടന്നുവെങ്കിലും, സൈറ്റ് കാര്യക്ഷമമായി പ്രതിരോധിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നില പരുങ്ങലില്‍

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകാനിരിക്കെ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

 ഒ.എസ്.എം കരാർ നേടിയ ഹൈദരാബാദ് ആസ്ഥാനമായ 'കോയെംപ്‌റ്റ് എഡ്യൂടെക്' കമ്പനിക്കായി ടെൻഡർ വ്യവസ്ഥകളില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് പ്രധാന ആരോപണം. 

കമ്പനിയുടെ ഉടമകളുമായി മന്ത്രി പുലർത്തുന്ന അടുത്ത ബന്ധവും ഇപ്പോള്‍ വിവാദത്തിലായിട്ടുണ്ട്. ഒ.എസ്.എം ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തില്‍ പഴയ രീതിയില്‍ തന്നെ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്.

ടെൻഡർ ക്രമക്കേടുകള്‍ തുറന്നുകാട്ടി പന്ത്രണ്ടാം ക്ലാസുകാരൻ

ഒ.എസ്.എം ടെൻഡറിലെ ക്രമക്കേടുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചർച്ചയാക്കിയ 12-ാം ക്ളാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത് ഇന്നലെ വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ നേരിട്ടെത്തി മൊഴി നല്‍കി. ടെൻഡറില്‍ സംഭവിച്ച 15ഓളം ഗുരുതര പൊരുത്തക്കേടുകളാണ് സാർത്ഥക് സമിതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയത്.

ഒ.എസ്.എം സ്‌കാനിംഗ് കരാർ നല്‍കാൻ നിശ്ചയിച്ചിരുന്ന വ്യവസ്ഥകളില്‍, സേവന ദാതാവ് മോശം പ്രകടനം കാഴ്ചവച്ചാല്‍ അയോഗ്യനാക്കുമെന്ന പ്രധാന വ്യവസ്ഥ തന്നെ ഉദ്യോഗസ്ഥർ മാറ്റിയെഴുതിയതായി സാർത്ഥക് വെളിപ്പെടുത്തി.

ഒ.എസ്.എം വിവാദം പരിശോധിക്കുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, പ്രശ്‌ന ബാധിതരായ വിദ്യാർത്ഥികള്‍ക്കൊപ്പം സി.ബി.എസ്.ഇയിലെ ഉയർന്ന ഉദ്യോഗസ്ഥരെയും വിളിപ്പിച്ചു മൊഴിയെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ