കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഫറോക്ക് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 15 പേരെ നിലവിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഹോം ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായ മെയ് 30 മുതൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ജൂൺ 10 വരെയുള്ള വിവരങ്ങളാണ് ഇതിലുള്ളത്. രോഗലക്ഷണം കണ്ടതിനു ശേഷം ഇയാൾ കൂടുതൽ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഫറോക്ക് കോളജിന് സമീപത്തുള്ള പോസ്റ്റ് ഓഫീസ്, രണ്ട് സ്വകാര്യ ആശുപത്രികൾ, സ്വന്തം വീട് എന്നിവിടങ്ങളിലാണ് ഇയാൾ പോയതായി കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ആകെ 77 പേരാണുള്ളത്. ഇതിൽ 58 പേരും ആരോഗ്യപ്രവർത്തകരാണ്. രാമനാട്ടുകര, ഫറോക്ക് പ്രദേശങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ ആളുകളിലേക്ക് രോഗലക്ഷണം പടരുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ പ്രദേശത്തെ കൺടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
