ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് മിന്നും വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിടാൻ മെക്സിക്കോയ്ക്ക് സാധിച്ചു.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ യൂലിയൻ ക്വിനോനസിലൂടെ മെക്സിക്കോ മുന്നിലെത്തി. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിര വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്താണ് ക്വിനോനസ് ആദ്യ ഗോൾ സ്വന്തമാക്കിയത്. ഗോൾ കീപ്പർ നൽകിയ പന്ത് നിയന്ത്രണത്തിലാക്കാൻ ദക്ഷിണാഫ്രിക്കൻ പ്രതിരോധ താരത്തിന് സാധിക്കാതെ വന്നത് മെക്സിക്കോയ്ക്ക് അനുകൂലമായി. പിന്നീട് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലക്ഷ്യം കണ്ടതോടെ മെക്സിക്കോ വിജയമുറപ്പിച്ചു. ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച രണ്ട് സുവർണ്ണ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് തടഞ്ഞിരുന്നില്ലെങ്കിൽ മെക്സിക്കോയുടെ വിജയപ്പൊക്കം ഇനിയും കൂടുമായിരുന്നു.
മത്സരത്തിലുടനീളം ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ റെഡ് കാർഡുകളുടെ പൂരം തന്നെയായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. മെക്സിക്കൻ മുന്നേറ്റങ്ങളെ തടയാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കടുത്ത ഫൗളുകൾ അവലംബിച്ചതോടെ 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിനും 84-ാം മിനിറ്റിൽ തെംബ സ്വാനെയ്ക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ദക്ഷിണാഫ്രിക്കൻ താരത്തിന് നേരെ മാരകമായ ഫൗൾ ചെയ്തതിന് മെക്സിക്കോ താരം സെസാർ മോണ്ടസിനും റഫറി റെഡ് കാർഡ് നൽകി. ഒടുവിൽ ഒൻപത് പേരുമായി കളി അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ മെക്സിക്കോ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
