ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വ്യാജ ടിവി ആപ്ലിക്കേഷനുകൾ വഴി വ്യാപകമായി സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആകർഷകമായ പരസ്യങ്ങളുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഫ്രീ പ്രീമിയം സബ്സ്ക്രിപ്ഷൻ, സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ കാണാം തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകി എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യിച്ചാണ് പണം കവരുന്നത്.
ഔദ്യോഗിക ആപ്ലിക്കേഷനുകൾ എന്ന് തോന്നിപ്പിക്കുന്ന എച്ച്ഇസഡ് ടിവി, ഓപ്പൺ ടിവി, എൻബി ടിവി, മാക്സ് ടിവി തുടങ്ങിയ പേരുകളിലുള്ള ലിങ്കുകളാണ് തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം
ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ അപ്ഡേറ്റ് ചെയ്യാനോ സർവീസ് ആക്ടിവേറ്റ് ചെയ്യാനോ ആവശ്യപ്പെടും. തുടർന്ന് ഫോണിന്റെ ആക്സസിബിലിറ്റി സർവീസ്, സ്ക്രീൻ ഓവർലേ, നോട്ടിഫിക്കേഷൻ ആക്സസ് തുടങ്ങിയ നിർണായക അനുമതികൾ നേടിയെടുത്ത് തട്ടിപ്പുകാർ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്നു. ഇതിലൂടെ യുപിഐ ആപ്ലിക്കേഷനുകൾ വഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിൽ നിന്നുള്ള എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുതെന്ന് പൊലീസ് നിർദ്ദേശിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. സംശയാസ്പദമായ ലിങ്കുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുത്. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകണമെന്നും കേരള പൊലീസ് അറിയിച്ചു.


