കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. രോഗിയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് (highest) റിസ്‌ക് വിഭാഗത്തിലാണ്. 13 പേര്‍ ഹൈ റിസ്‌ക് (High risk) വിഭാഗത്തിലാണ്. 63 പേര്‍ ലോ റിസ്‌ക് (Low risk) വിഭാഗത്തിലാണുള്ളത്
ഹൈ റിസ്‌ക് പട്ടികയിലുള്ള 11 പേരോട് നിലവില്‍ കര്‍ശന ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രമായിരിക്കും പരിശോധന നടത്തുക. രോഗബാധിതന്‍ സഞ്ചരിച്ച വഴികള്‍ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഉടന്‍ പുറത്തുവിടും. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതില്‍, രണ്ട് സാധ്യതകളാണ് ഉളളത്.
ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. വീട്ടുവളപ്പില്‍ നിന്നും സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാല്‍, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങളില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയ്‌ക്കാണ് ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത്.
ഫറോക്ക് സ്വദേശിയായ ശുചീകരണ ജോലിക്കാരനാണ് നിപ സ്ഥിരീകരിച്ചത്. ഫറോക്കില്‍ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാന്‍ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.
