തൃശൂർ: കൊട്ടാരക്കര വാളകത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകൾ നവോമി (23) ക്കാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അവയവ ദാനത്തിനായി നവോമിയുടെ ബന്ധുക്കൾ സമ്മതപത്രം കൈമാറുകയായിരുന്നു. ഹൃദയം ഉൾപ്പെടെ നവോമിയുടെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയർ ആംബുലൻസ് വഴി എത്തിക്കുക. നാളെ രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ മാസം 25ന് പുലർച്ചെ നാല് മണിയോടെ കൊട്ടാരക്കര വാളകത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറും പാഴ്സൽ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി അമ്മ ജിപ്സി, സഹോദരൻ ജോയൽ എന്നിവർക്കൊപ്പം തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നവോമിയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
ദേശീയതലത്തിൽ ശ്രദ്ധേയയായ ഖോ ഖോ താരമായിരുന്ന നവോമി, രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ 'ഖോ ഖോ' എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് സൈക്കോളജിയിൽ പി.ജി. ബിരുദം നേടിയ ശേഷമുള്ള ആദ്യത്തെ ജോലിക്ക് ചേരാൻ പോകുമ്പോഴാണ് വിധി വില്ലനായത്. അച്ഛൻ വിൻസെന്റ് ഡ്രൈവറാണ്. അമ്മ ജിപ്സി ജിം ട്രെയിനറാണ്. എയ്ഞ്ചൽ (അധ്യാപിക, എറണാകുളം), ജോയൽ (വിദ്യാർത്ഥി, തൃശൂർ സെന്റ് തോമസ് കോളേജ്) എന്നിവരാണ് സഹോദരങ്ങൾ.
