കേരളത്തിലെ നിർമ്മാണ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ അതിഥി തൊഴിലാളികളുടെ അനിയന്ത്രിതമായ കൂലി വർദ്ധനവിന് ശാശ്വത പരിഹാരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മഞ്ചേരിയിലെ കോൺട്രാക്ടർമാർ. മഞ്ചേരിയിൽ കോൺക്രീറ്റ് ജോലികൾക്ക് അതിഥി തൊഴിലാളികൾ ഈടാക്കിയിരുന്ന അമിത വേതനം കുറച്ച് ഇവർ കൂലി നിരക്ക് ഏകീകരിച്ചു.
പുതിയ തീരുമാനപ്രകാരം ലെവലിംഗ് ജോലി ചെയ്യുന്നവർക്ക് 1200 രൂപയും മറ്റ് തൊഴിലാളികൾക്ക് 900 രൂപയുമായി കൂലി നിശ്ചയിച്ചു. താഴെത്തട്ടിലും മുകൾത്തട്ടിലും വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ നിശ്ചിത കൂലി മാത്രമേ നൽകാവൂ എന്ന് ഔദ്യോഗികമായി റേറ്റ് കാർഡ് പുറത്തിറക്കി കരാറുകാർ പ്രഖ്യാപിച്ചു.
നിർമ്മാണ മേഖലയിലെ ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാൻ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ കോൺട്രാക്ടർമാരും ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്ന് മഞ്ചേരിയിലെ കരാറുകാർ ഓർമ്മിപ്പിക്കുന്നു. മഞ്ചേരിയിലെ കരാറുകാർ കാണിച്ച ഈ ആർജ്ജവം കേരളത്തിലുടനീളമുള്ള മറ്റ് അസോസിയേഷനുകളും ഏറ്റെടുക്കണമെന്നും, തങ്ങളുടെ പ്രദേശങ്ങളിലും സമാനമായ രീതിയിൽ കൃത്യമായ കൂലി നിരക്കുകൾ നിശ്ചയിച്ച് നടപ്പിലാക്കാൻ മുന്നോട്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു. നിർമ്മാണ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഈ 'മഞ്ചേരി മോഡൽ' കേരളം മുഴുവൻ വ്യാപിപ്പിക്കണമെന്നാണ് കരാറുകാരുടെ ആഹ്വാനം.
