Zygo-Ad

സ്കൂളുകൾ തുറന്നു; ടിപ്പർ വാഹനങ്ങൾക്കുള്ള സമയനിയന്ത്രണം നിലവിൽ വന്നു

 


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർ വാഹനങ്ങൾക്കുള്ള സമയനിയന്ത്രണം പ്രാബല്യത്തിൽ വന്നു. മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3 മണി മുതൽ 5:30 വരെയുമാണ് റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് വിലക്കുള്ളത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ റോഡുകളിലെ തിരക്ക് കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ഈ ക്രമീകരണം.

സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വഴിയോര കച്ചവടങ്ങൾ നടത്തുന്നതിനും കർശന നിരോധനമുണ്ട്. നിർദേശങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗത പരിമിതപ്പെടുത്തണം. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ പരിസരങ്ങളിൽ പാർക്ക് ചെയ്യാവൂ.

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ് എന്നിവ മോട്ടോർ വാഹന വകുപ്പ് കർശനമായി പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനങ്ങളിൽ സഹായികളുടെ സേവനം ഉറപ്പാക്കണം. സ്കൂൾ ബസുകൾ കോമ്പൗണ്ടിനുള്ളിൽ തന്നെ പാർക്ക് ചെയ്യണമെന്നും വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും കൃത്യമായ ക്യൂ സംവിധാനം പാലിക്കണമെന്നും നിർദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ