തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സർക്കാരിന്റെ വാഹനത്തിൽ യാത്ര ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ അഭിമാനമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് യാത്രാ സൗജന്യം നൽകിയാൽ അത് അവർക്കൊരു സമ്പാദ്യമായി മാറുമെന്നും ആ പണം തിരികെ സമൂഹത്തിലേക്ക് തന്നെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുരുഷന്മാർക്ക് ഇത്തരത്തിൽ സൗജന്യം നൽകിയാൽ ആ പണം വീടുകളിൽ എത്തില്ലെന്നും, അത് എവിടെയാണ് പോവുകയെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പരാമർശിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി കെഎസ്ആർടിസിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
