തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ വേഗത്തിൽ സ്വീകരിച്ചുവരികയാണെന്നും ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേമപെൻഷൻ തുക 3,000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ പദ്ധതി തുടരണമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിലവിലെ പെൻഷൻ പട്ടികയിൽ അനർഹരായ പലരും കടന്നുകൂടിയിട്ടുണ്ടെന്നും അർഹരായവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ഗുണഭോക്താക്കളുടെ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിദേശത്തുള്ളവർ വരെ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ മകൻ വിദേശത്താണെന്ന കാരണത്താൽ മാത്രം അമ്മയ്ക്കുള്ള പെൻഷൻ നിഷേധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം എത്തിക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും സുഗമമായി ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
