കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി. പദ്ധതി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതിയായി.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നോ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നോ തെളിയിക്കാൻ ഹർജിയിൽ വസ്തുതകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് സാമ്പത്തിക മാനദണ്ഡമില്ലാതെ സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശത്തിന്റെയും വിവേചനത്തിനെതിരെയുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയിൽ ഹർജി എത്തിയത്. മുൻകൂട്ടി പഠനങ്ങൾ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും, ഇത് പൊതുഖജനാവിന് പ്രതിവർഷം വലിയ ബാധ്യത വരുത്തിവെക്കുമെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ, സ്ത്രീ ശാക്തീകരണവും അവരുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഒരു ക്ഷേമ സംസ്ഥാനം എന്ന നിലയിൽ സ്ത്രീകളുടെ പുരോഗതിക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നും തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള എട്ടോളം സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.
