സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ബുധനാഴ്ച വരെ നീളും. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 4,19,518 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചത്. ഇതിൽ 17,698 പേർ സിബിഎസ്ഇ സിലബസിൽ നിന്നും 1906 പേർ ഐസിഎസ്ഇ സിലബസിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.
സ്വന്തം ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിലേക്കും പ്രവേശനത്തിനായി 40,262 വിദ്യാർഥികൾ അപേക്ഷ നൽകിയിട്ടുണ്ട്. എംആർഎസ് സ്കൂളുകളിലേക്ക് മാത്രം 1,574 അപേക്ഷകളാണ് ലഭിച്ചത്.
ഈ മാസം എട്ടിന് ട്രയൽ അലോട്ട്മെന്റും ജൂൺ 15ന് ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. അപേക്ഷകളിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനും, സ്കൂളുകളും വിഷയങ്ങളും മാറ്റാനും വിദ്യാർഥികൾക്ക് ഇതിലൂടെ അവസരമുണ്ടാകും. പ്രധാന അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായ ശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടക്കുക. മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ടകളിലേക്കുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂലൈ രണ്ടിന് സംസ്ഥാനത്തുടനീളം പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓഗസ്റ്റ് അഞ്ചോടെ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
