തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടർന്നുപിടിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് 13,539 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതിൽ ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2,734 പേരാണ് മലപ്പുറത്ത് മാത്രം ചികിത്സ തേടിയത്. ഇന്നലെ 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 303 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ട്.
മറ്റു പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. കൂടാതെ 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 പേർക്ക് ചിക്കന്‍പോക്സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ, ഒരാള്‍ക്ക് അമിബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ക്ക് പേ വിഷബാധ, ഒരാള്‍ക്ക് ചെള്ള് പനി എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ എലിപ്പനി, പേവിഷബാധ, ചെള്ളുപനി മൂലമാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ കോഴിക്കോട് മാവൂര്‍ സ്വദേശിനി സുനിത എന്ന സ്ത്രീ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
അതേസമയം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ യോഗം ഉദ്ഘാടനം ചെയ്യും. ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുന്ന യോഗത്തിൽ പകര്‍ച്ചവ്യാധി പ്രതിരോധം, മുന്നൊരുക്കങ്ങൾ, രോഗനിരീക്ഷണം, ചികിത്സ, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും.
