സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുക് ഉന്മൂലനത്തിനായി വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് തടയാൻ ശുദ്ധജലം തങ്ങിനിൽക്കുന്ന ഉറവിടങ്ങൾ നശിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി താഴെ പറയുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.
വീട്ടുപരിസരങ്ങളിലും സ്ഥാപനങ്ങളിലും അലക്ഷ്യമായി കിടക്കുന്ന ചിരട്ട, ടിന്നുകൾ, കുപ്പികൾ, മുട്ടത്തോടുകൾ, പ്ലാസ്റ്റിക് കപ്പുകൾ, കളിപ്പാട്ടങ്ങൾ, ആട്ടുകല്ല്, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ടെറസ്, സൺഷേഡ്, പാത്തികൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി വെള്ളം ഒഴുക്കിക്കളയണം. മരപ്പൊത്തുകൾ മണ്ണിട്ട് അടയ്ക്കുകയും, വാഴ, കൈത എന്നിവയുടെ ഇലകൾക്കിടയിലും കമുകിൻ പാളകളിലും വെള്ളം തങ്ങിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
അടപ്പില്ലാത്ത വെള്ള ടാങ്കുകളും കിണറുകളും കൊതുക് കടക്കാത്ത വിധം വലയിട്ട് സുരക്ഷിതമാക്കണം. കുടിവെള്ള സംഭരണികൾ എപ്പോഴും അടച്ചു സൂക്ഷിക്കുകയും, വെള്ളമെടുക്കുന്ന പാത്രങ്ങൾ ആഴ്ചയിലൊരിക്കൽ കഴുകി ഉണക്കുകയും വേണം. റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ടകളും കപ്പുകളും ഉപയോഗത്തിന് ശേഷം കമഴ്ത്തി വെക്കണം. കൊപ്ര ഡ്രയറിന് സമീപം ചിരട്ടകൾ സൂക്ഷിക്കുന്നവർ അതിനായി പ്രത്യേകം ഷെഡ് നിർമ്മിക്കേണ്ടതാണ്.
ഫ്രിഡ്ജ്, കൂളർ എന്നിവയുടെ ട്രേകളിൽ ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം മാറ്റണം. അലങ്കാര ചെടികളുടെ ചട്ടി, ഫൂട്ട് ട്രേ, ഉപയോഗിക്കാത്ത വാഷ് ബേസിനുകൾ, ക്ലോസറ്റുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അക്വാറിയത്തിലെ വെള്ളം കൃത്യമായ ഇടവേളകളിൽ മാറ്റുകയും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുകയും ചെയ്യാം.
ഒഴുക്കിക്കളയാൻ സാധിക്കാത്ത വലിയ വെള്ളക്കെട്ടുകളിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കണം. പൂട്ടിക്കിടക്കുന്ന വീടുകൾ, കെട്ടിട നിർമ്മാണ സ്ഥലങ്ങൾ, ലിഫ്റ്റ് കുഴികൾ എന്നിവിടങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
