മയാമി: ലോകകപ്പിൽ സ്‌കോട്ട്‌ലന്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ നോക്കൗട്ടിൽ പ്രവേശിച്ചു. തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കാനറികളുടെ മുന്നേറ്റം. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ മൂന്നാം ഗോൾ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. പരിക്ക് മാറി സൂപ്പർ താരം നെയ്മർ ഈ ലോകകപ്പിൽ ആദ്യമായി പകരക്കാരനായി കളത്തിലിറങ്ങിയതും ആരാധകർക്ക് ആവേശമായി.
മത്സരത്തിലുടനീളം ബ്രസീലിന്റെ മിന്നലാക്രമണങ്ങൾക്ക് മുന്നിൽ സ്‌കോട്ടിഷ് പ്രതിരോധം പതറുന്നതാണ് കണ്ടത്. ചില മികച്ച മുന്നേറ്റങ്ങൾ സ്‌കോട്ട്‌ലന്റ് നടത്തിയെങ്കിലും ബ്രസീലിയൻ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീലിനും മൊറോക്കോയ്ക്കും ഏഴ് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയിലാണ് ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
ഏഴാം മിനിറ്റിൽ തന്നെ മനോഹരമായൊരു ഗോളിലൂടെ വിനീഷ്യസ് ജൂനിയർ ബ്രസീലിന് ലീഡ് സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം ഒത്തിണക്കത്തോടെ കളിച്ച സ്‌കോട്ട്‌ലന്റ് മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതിനിടെ 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും പന്ത് വലയിലെത്തിച്ചു. എന്നാൽ വാർ പരിശോധനയിൽ ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുക്കും മുൻപ് വിനീഷ്യസ് ഫൗൾ ചെയ്തതായി കണ്ടെത്തിയതിനാൽ റഫറി ഗോൾ നിഷേധിച്ചു.
തുടർന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് വിനീഷ്യസ് തന്റെ രണ്ടാം ഗോളിലൂടെ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ ബ്രൂണോ ഗുയിമാറെസിന്റെ റിവേഴ്സ് പാസ് സ്വീകരിച്ച് മത്തേയൂസ് കൂഞ്ഞ കാനറികളുടെ മൂന്നാം ഗോളും നേടി. 64-ാം മിനിറ്റിൽ സ്‌കോട്ട്‌ലന്റ് താരം സ്‌കോട്ട് മക്ടോമിനെയുടെ അപകടകരമായ ഹെഡർ ബ്രസീൽ ഗോൾകീപ്പർ അലിസൺ തട്ടിയകറ്റി. 76-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തിയത്; സൂപ്പർ താരം നെയ്മർ പകരക്കാരനായി മൈതാനത്തേക്ക് പ്രവേശിച്ചു.
