കണ്ണൂർ: കുട്ടികൾക്ക് അഞ്ച് വയസിലും 15 വയസിലുമുള്ള നിർബന്ധിത ബയോമെട്രിക് വിവരങ്ങളുടെ പുതുക്കൽ സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായിരിക്കും. വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ എന്നിവയാണ് ഇത്തരത്തിൽ പുതുക്കേണ്ടത്. നവജാതശിശുക്കൾക്കും പുതിയതായി ആധാറിന് എൻറോൾ ചെയ്യാം. അഞ്ചുവയസുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ആധാർ നൽകുന്നത്. ഇതിനായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവായേക്കാം. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ-കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെ നീറ്റ്, ജെഇഇ, കീം തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കും.
ആധാറുമായി ബന്ധപ്പെട്ട പരാതി പരിഹാരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
സിറ്റിസൺ കോൾ സെന്റർ: 1800 4251 1800, 0471 2335523
സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ: 0471 2525442.
