കൽപ്പറ്റ: വനസംരക്ഷണവും നാട്ടുകാരുടെ ആവശ്യവും തമ്മിലുള്ള പുതിയൊരു പ്രതിസന്ധിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് വയനാട് കുണ്ടുവാടിയിലെ 'ബാലൻ' ബസ് സ്റ്റോപ്പ്. ബാലൻ: ദ ബോയ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി 2025ൽ നിർമിച്ച ഈ ബസ് സ്റ്റോപ്പ്, ഷൂട്ടിങ് കഴിഞ്ഞപ്പോൾ നാട്ടുകാരുടെ അഭ്യർഥന മാനിച്ച് അണിയറ പ്രവർത്തകർ പൊളിച്ചുമാറ്റാതെ അവിടെത്തന്നെ നിലനിർത്തുകയായിരുന്നു. എന്നാൽ സിനിമ റിലീസായതോടെ ബസ് സ്റ്റോപ്പ് കാണാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
വനമേഖലയ്ക്ക് ഭീഷണിയെന്ന് വനംവകുപ്പ്
സിനിമയിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കാനും ചിത്രങ്ങളും വീഡിയോകളും പകർത്താനുമായി എത്തുന്നവരിൽ പലരും അനുമതിയില്ലാതെ വനമേഖലയിലേക്ക് കടക്കുന്നതായും ഇത് വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചാൽ അത് ദുഃഖകരമാകുമെന്ന് സിനിമയുടെ ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി പറഞ്ഞു. താൽക്കാലിക സെറ്റാണെങ്കിലും കുട്ടികളും പ്രദേശവാസികളും വർഷങ്ങളായി അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിന് ഇതൊരു പരിഹാരമായിരുന്നുവെന്നും അത് നിലനിർത്താൻ വനംവകുപ്പ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനം ശനിയാഴ്ചത്തെ യോഗത്തിന് ശേഷം
ബസ് സ്റ്റോപ്പ് ചിത്രീകരണത്തിനായി താൽക്കാലികമായി നിർമിച്ചതാണെന്നും വനഭൂമിയിൽ അത് സ്ഥിരമായി നിലനിർത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്നും സൗത്ത് വയനാട് ഡിഎഫ്ഓ അഷിഖ് അലി അറിയിച്ചു. ശനിയാഴ്ച ചേകാടിയിൽ ചേരുന്ന വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും യോഗത്തിൽ സാഹചര്യം വിലയിരുത്തും. യൂട്യൂബർമാരുടെ നിയന്ത്രണരഹിതമായ വരവ് തടയാൻ പ്രായോഗിക മാർഗം കണ്ടെത്തുകയും ബസ് സ്റ്റോപ്പ് നിലനിർത്തണമെന്ന പൊതുഅഭിപ്രായം രൂപപ്പെടുകയും ചെയ്താൽ അനുമതി നൽകുമെന്നും അല്ലാത്തപക്ഷം അത് പൊളിച്ചുമാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴയിലും വെയിലിലും ആദിവാസി ഉന്നതികളിലെ കുട്ടികൾക്കും വയോധികർക്കും അഭയകേന്ദ്രമായ ഈ ബസ് സ്റ്റോപ്പ് നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
