ഗുണഭോക്തൃ പട്ടിക കൃത്യമായി പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മുൻ സർക്കാരിന്റെ അവസാന മാസത്തിൽ ഈ പദ്ധതി കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാൻ വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളെന്നും, തോന്നുംപടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കാനാണ് പരിശോധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കെ സ്മാർട്ട് സംവിധാനം വഴി കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും പദ്ധതി അട്ടിമറിക്കാനാണ് നിലവിലെ സർക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷം വിമർശിച്ചു. മുൻ സർക്കാർ ജനപ്രിയമായി നടപ്പിലാക്കിയ പദ്ധതിയെ തകർക്കാനാണ് പുതിയ നീക്കമെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
