തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു റിസള്‍ട്ട് പുറത്തുവിട്ടു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉച്ചയ്ക്ക് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തിയത്.
77.97 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 77.81 ആയിരുന്നു വിജയശതമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍, ഡിജിലോക്കര്‍ സംവിധാനം, വാട്‌സാപ്പ്, എസ്‌എംഎസ് എന്നീ മാര്‍ഗങ്ങളിലൂടെ ഫലം പരിശോധിക്കാം. 4,52,437 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിഎച്ച്‌എസ്‌ഇ റിസള്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫലം എങ്ങനെ പരിശോധിക്കാം?
results.hse.kerala.gov.in
prd.kerala.gov.in
results.kite.kerala.gov.in
nammudekeralam.kerala.gov.in
digilocker.gov.in എന്ന ലിങ്ക് വഴി ഡിജിലോക്കറിലൂടെയും പ്ലസ് ടു റിസള്‍ട്ട് പരിശോധിക്കാം. എസ്‌എംഎസ്, വാട്‌സാപ്പ് സംവിധാനങ്ങളിലൂടെയും ഫലം അറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
56263 എന്ന നമ്പറിലേക്കാണ് ഫലം അറിയാന്‍ മെസേജ് അയയ്‌ക്കേണ്ടത്. ഇതിന് ആദ്യം KERALA12 എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് ഒരു സ്‌പേസിട്ട് രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് ഈ നമ്പറിലേക്ക് എസ്‌എംഎസ് അയക്കുക.
വാട്‌സ്‌ആപ്പിലൂടെയും പ്ലസ് ടു റിസള്‍ട്ട് അറിയാനാകും. 91886 19958 എന്ന നമ്പറിലേക്കാണ് ഇതിനായി വാട്‌സ്‌ആപ്പ് സന്ദേശം അയയ്‌ക്കേണ്ടത്.
ഈ നമ്പറിലേക്ക് ആദ്യം 'RESULT' എന്ന് ടൈപ്പ് ചെയ്ത് വാട്‌സ്‌ആപ്പിലൂടെയും മെസേജ് അയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന എച്ച്‌എസ്‌സി, വിഎച്ച്‌എസ്‌സി ഓപ്ഷനുകളില്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കണം. തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും, ജനനത്തീയതിയും നല്‍കണം. പിന്നാലെ റിസള്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും.
290398 വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത
ഹയർ സെക്കൻഡറി വിഭാഗത്തില്‍ 1990 സ്കൂളുകളില്‍ 372423 പേർ പരീക്ഷ എഴുതി. ഇതില്‍ 290398 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെ സേ പരീക്ഷ നടക്കും.
ഹയര്‍ സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും, വൊക്കേഷണലില്‍ 26,826 പേരും ഇത്തവണ പരീക്ഷ എഴുതി. മാര്‍ച്ച് ആറു മുതല്‍ 26 വരെയാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത്.
30,561 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. സയന്‍സില്‍ 1,58,836 കുട്ടികളും (84.55 ശതമാനം), കൊമേഴ്‌സില്‍ 81,147 പേരും (74.74 ശതമാനം), ഹ്യുമാനിറ്റിസില്‍ 50,398 (66.38 ശതമാനം) വിദ്യാര്‍ത്ഥികളും വിജയിച്ചു.
86.89% പെണ്‍കുട്ടികളും, 68.41 ശതമാനം ആണ്‍കുട്ടികളും പ്ലസ് ടു പാസായി. സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനം 72.66 ആണ്. 82.82 ആണ് എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 78.18 ആണ്.
ഇടുക്കി ജില്ലയിലാണ് കൂടുതല്‍ വിജയ ശതമാനം. 84.64 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇടുക്കിയില്‍ ജയിച്ചു. 71.71 ശതമാനം വിജയം രേഖപ്പെടുത്തിയ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം.
76 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ ഒമ്പതെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത്. 50 പെണ്‍കുട്ടികള്‍ക്കും, 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.
